top of page

കുറുങ്കുഴലിന്ടെ മുഴക്കം!!

“കുറുങ്കുഴൽ മുഴങ്ങുംമുഴക്കം, കുറുമ്പുമായ്‌ ചിലമ്പിൻ കിലുക്കം..."എന്നിങ്ങനെ പോകുന്നു 'രസതന്ത്രത്തിലെ' ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനത്തിലെ വരികൾ. പുത്തഞ്ചേരിയുടെ കുറുങ്കുഴൽ പ്രിയം ഇവിടെ നിൽക്കുന്നില്ല.

കൊമ്പത്തു അനിൽ കുമാർ

രാക്കിളിപ്പാട്ടു,കാക്കക്കറുമ്പൻ,നഗരം തുടങ്ങിയ ചിത്രങ്ങളിലും കുറുങ്കുഴൽ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. ഇവിടെ മുഴക്കം എന്ന വാക്കുകൊണ്ട് കവി ഉദ്ദേശിച്ചത് പ്രഭാവം എന്നല്ലേ? മേള രൂപങ്ങളിൽ കുറുങ്കുഴലിന്ടെ പ്രഭാവം.


മേള നിയന്ത്രകൻ

മേളങ്ങളിൽ (പഞ്ചാരി, പാണ്ടി മുതലായവ) ഒരു കാര്യനിര്‍വ്വകന്ടെ ചുമതലയാണ് കുറുങ്കുഴൽ ചെയ്യുന്നത്. കുഴൽക്കാരുടെ തുറന്നൂതൽ, കുമ്പിടൽ,ചുറ്റിക്കൽ തുടങ്ങിയവ കാലവ്യതിയാനങ്ങൾ , കലാശങ്ങൾ, കുഴമറിച്ചിൽ മുതലായവയുടെ അനുമാനം നൽകുന്നു. അതിനാൽ തന്നെ ചെണ്ടക്കാർക്കു

അഭിമുഖമായാണ് കുഴൽക്കാർ നിൽക്കുക. എഴുന്നെള്ളിപ്പിനു പിന്തിരിഞ്ഞു നിൽക്കാൻ ഉള്ള സ്വാതന്ത്ര്യം കുഴൽക്കാർക്കു നൽകിയിരിക്കുന്നതും ഇതുകൊണ്ടാകണം. ആകെയുള്ള ചെണ്ടയുടെ അഞ്ചിലൊന്നാകണമത്രേ കുഴൽക്കാരുടെ എണ്ണം. മേളപ്രമാണിയും( ഉരുട്ടു ചെണ്ട) കുഴൽ പ്രമാണിയും അഭിമുഖമായി നിൽക്കുന്നു. ഇവർ തമ്മിലുള്ള ഒരു പരസ്പര ധാരണതന്നെയാണ് മേളത്തിന്ടെ വിജയം.


കേരളത്തിൻടെ സ്വന്തം

കേരളത്തിന്ടെ സ്വന്തംഒരു സംഗീതോപകരണമാണ് കുറുങ്കുഴൽ എന്ന് പറയുന്നതിൽ തെറ്റില്ല. കേരളത്തിൽ മേളങ്ങൾക്കു പുറമെ കൂടിയാട്ടം ( ഇപ്പോൾ അധികംകാണാറില്ല) പൂതംകളി, തെയ്യം തുടങ്ങിയകലാരൂപങ്ങളിലും കുറുങ്കുഴൽ ഒരു അനുബന്ധ വാദ്യോപകരണമായി ഉപയോഗിച്ച് വരുന്നു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളും കുറുങ്കുഴൽ ഉപയോഗിക്കുന്നുണ്ട്. എങ്കിലും കുഴലൂത്തുമ്പോൾ ഉമിനീർ വീഴും എന്ന കാരണത്താൽ നാലമ്പലത്തിനുള്ളിൽ അധികം ഉപയോഗിക്കാറില്ല.നാഗസ്വരം, ഷെഹ്‌ണായി മുതലായവയോടു സാമ്യമുണ്ടെങ്കിലും അല്പംകൂര്മതയുള്ളതാണ്കുറുങ്കുഴലിന്ടെധ്വനി. കുറുങ്കുഴലിനോട് സാമ്യമുള്ള ഒരുഉപകരണം ഈജിപ്തിൽ ഉപയോഗത്തിലുണ്ടെന്നു പറയപ്പെടുന്നു.


പഞ്ചാരിമേളത്തിലെ പതികാലത്തുടക്കത്തിലുള്ള സംഗീതാത്മകതയാണ് കുറുങ്കുഴലിന്ടെ മാധുര്യം. ഇത് രാഗാധിഷ്ഠിതമാണ് .പഞ്ചാരിക്ക് ശങ്കരാഭരണം, പാണ്ടിക്കു ഭൈരവി എന്നിങ്ങനെ. തീർന്നില്ല. ചെണ്ടയും, ഇലത്താളവും കുറുങ്കുഴലും ചേർന്നുള്ള കുഴൽപറ്റിനും ആസ്വാദകരുണ്ട്. കൂടൽമണിക്ക്യം ക്ഷേത്രത്തിലെ ഉത്സവ വിളക്കിനു കൊമ്പത്തു കുട്ടൻ പണിക്കരും തൃപ്പേക്കുളം അച്യുത മാരാരും ചേർന്നുള്ള കുഴൽപറ്റു മുതിർന്ന തലമുറയിലെ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഗംഭീര നാട്ട, മുഖാരി, കാംബോജി എന്നീ രാഗങ്ങളാണ് സാധാരണ പറ്റിനു വായിക്കുന്നത്.


കുറിയകുഴൽ

കുറിയ(നീളംകുറഞ്ഞ) കുഴൽആണ്കുറുങ്കുഴൽ. നാദസ്വരത്തിന്ടെ ഹ്രസ്വരൂപം. ഏതാണ്ട് ഒരടിയിൽ കൂടുതൽ കാണും നീളം(ഒളവ്). കരിങ്ങാലി, കരിമരം, വീട്ടി, മന്ദാരം തുടങ്ങിയ തടികളാണ് കുഴൽ നിര്മാണത്തിനുപയോഗിക്കുന്നത്‌. ഊതാനുള്ള ശീവാളി (നറുക്ക്) ഞാണപുല്ല് നീണ്ട ഒരു പ്രക്രിയയിലൂടെ സംസ്കരിച്ചെടുത്താണ് നിർമിക്കുന്നത്. ഇത് ‘നെല്ലി’ഉപയോഗിച്ചു കുഴലിൽ ഘടിപ്പിക്കുന്നു. ഊതുന്ന മുരടും, കാളവും (മേൽ അണശ്/ കീഴ് അണശ്) വെള്ളോട് കൊണ്ട് കെട്ടിച്ചിരിക്കും. കുഴലിൻടെ ഉപരിഭാഗത്തു ഏഴു സുഷിരങ്ങൾ ഉണ്ട്, കീഴെ ഒരെണ്ണം. ഈ സുഷിരം. കുഴലൂത്തുമ്പോൾ ഇടതു തള്ളവിരൽ കൊണ്ട് അടച്ചുപിടിക്കുന്നു. കേരളത്തിൽ ഇപ്പോൾ കുറുങ്കുഴൽ ഉണ്ടാക്കുന്നില്ല എന്ന് പറയപ്പെടുന്നു. ഇപ്പോൾ അധികവും തഞ്ചാവൂരിൽ നിന്നാണ് കൊണ്ട് വരുന്നതു.


മാറ്റം കുറുങ്കുഴലിലും

ധ്വനി മാധുര്യം കുറവാണെന്ന കാരണത്താൽ കുറുങ്കുഴൽ ഒരു സ്വതന്ത്രമായ സംഗീതോപകരണമായി കണക്കാക്കിയിരുന്നില്ല( കുഴൽപറ്റ് ഒഴികെ) എന്നാൽ കുറുങ്കുഴലിൽ വന്ന മാറ്റം അതിനെ ഒരു കച്ചേരി വാദ്യമായി മാറ്റിയിരിക്കുന്നു. കുറുങ്കുഴൽ കച്ചേരികൾ ഇന്ന് ധാരാളം അരങ്ങേറുന്നുണ്ട്. പാടി, പുറനീര്, ഖണ്ഡാരം, ഇന്ദോളം തുടങ്ങിയ സോപാന രാഗങ്ങൾ കുറുങ്കുഴലിൽ അനായാസേന വായിച്ചു വരുന്നു. ജന്യ രാഗങ്ങളായ കാംബോജി, ഹരികാംബോജി, ഗംഭീര നാട്ട, മധ്യമാവതി തുടങ്ങിയ രാഗങ്ങളും കുറുങ്കുഴലിന് വഴങ്ങും.

പെരുവാരം സതീശൻ

പരിശീലനം

ശ്വാസ നിയന്ത്രണം അതാണ് കുഴൽ പരിശീലനത്തിന്ടെ കാതൽ. കൊപ്പത്തണ്ടുപയോഗിച്ചു വെള്ളത്തിൽ നിരന്തരം ഊതി ഇടതടവില്ലാതെ കുമിളകൾ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള പരിശീലനം. ശ്വാസം എടുക്കുന്നതും ഉച്ഛ്വസിക്കുന്നതും ക്രമീകരിക്കാൻ സാധിക്കണം. പിന്നെ കുഴലിൻടെ ഘടന, സപ്തസ്വരങ്ങൾ വായിക്കാനുള്ള പരിശീലനം, മേളത്തിൽ പങ്കെടുത്തുള്ള അറിവ് നേടൽ എന്നിങ്ങനെ പോകുന്നു അധ്യയന ക്രമം.പാരമ്പര്യമായി മുതിർന്ന തലമുറയിൽ നിന്നും പഠിക്കുന്നതിനു പുറമെ, കേരളത്തിൽ പലയിടത്തും വാദ്യകലാ സ്ഥാപങ്ങളിലും കുറുങ്കുഴൽ അധ്യയനം ഉണ്ട്.


കലാകാരന്മാർ

ഇപ്പോൾസജീവമായി ഉള്ളവരും, മണ്മറഞ്ഞു പോയവരും ആയ പ്രഗത്ഭന്മാർ ഈരംഗത്തുണ്ട്. കൊമ്പത്തു കുട്ടൻ പണിക്കർ, കൊടകര ശിവരാമൻ നായർ, കൊമ്പത്തു അനിൽ കുമാർ, കിഴൂട്ട് നന്ദൻ, വെളപ്പായ ഉണ്ണി നായർ, വെളപ്പായ നന്ദനൻ, പെരുവാരം സതീശൻ, കെ യു കുഞ്ഞിരാമ പണിക്കർ പല്ലാവൂർ കൃഷ്ണൻ കുട്ടി,മുദരംപള്ളം രാമകൃഷ്ണൻ, പനമണ്ണ സുരേഷ്, ചിറക്കൽ നിധീഷ്, കടമ്പൂർ രാജകുമാരൻ, കൊമ്പത്തു ചന്ദ്രൻ, വടശ്ശേരി ശിവദാസൻ ( പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽമനപ്പൂർവ്വമല്ല) മുതലായവർക്ക് സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് നിറുത്തുന്നു


By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.


********


Comments


bottom of page