മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മറ്റുകലാരൂപങ്ങളെപ്പോലെ മേളങ്ങളും വിമുക്തിനേടിക്കൊണ്ടിരിക്കയാണല്ലോ. ഇപ്പോൾ കിട്ടിയ വാർത്തയനുസരിച്ചു മേളങ്ങൾ ദുബായിലും അമേരിക്കയിലും എത്തി നിൽക്കുന്നു. മേളങ്ങളിലെ 'ദേവാസുരത്തിനു' ഇപ്പോളും പ്രസക്തി ഉണ്ടോ? ഉണ്ടെങ്കിൽ അവ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചില്ലേ?
തുടർന്ന് വായിക്കുക.

വൃശ്ചികത്തിലെ കുളിർകാറ്റിൽ തൃപ്പൂണിത്തുറയിൽ തുടങ്ങി മേടച്ചൂടിന്ടെ മൂർദ്ധന്യത്തിൽ (പലപ്പോഴും കാലവർഷത്തിന്ടെ തിരപ്പുറപ്പാടിലും) ഇരിഞ്ഞാലക്കുട കൂടൽമാണിക്യത്തിൽ കലാശിക്കുന്ന അഞ്ചുമാസമാണ് കേരളത്തിന്ടെ പരമ്പരാഗതമായ ഉത്സവക്കാലം. എത്രയെത്ര പഞ്ചാരിയും, പാണ്ടിയും, പഞ്ചവാദ്യവും, തായമ്പകയുമാണ് ഇക്കാലത്ത് ക്ഷേത്രാങ്കണങ്ങളിൽ കൊട്ടിക്കലാശിക്കുന്നതെന്നു തിട്ടപ്പെടുത്താൻ വിഷമം. പുത്തൻ സംരംഭമായ ശിങ്കാരിമേളം വേറെ. അതിനാൽ നമ്മുടെ മേളക്കാലവും വേറൊന്നല്ല. ക്ഷേത്രാചാരങ്ങൾ അനുശാസിക്കുന്ന മേളരൂപങ്ങളാണ് കാലാകാലങ്ങളായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അരങ്ങേറുന്നത്. പൂരങ്ങളുടെയോ ഉത്സവങ്ങളുടെയോ മുഖമുദ്രകളായി മാറിയിരിക്കുന്നു ഈ മേളങ്ങലെല്ലാം. ഉദാഹരണത്തിന്, ഇരിഞ്ഞാലക്കുട പഞ്ചാരി, തൃശ്ശൂർ പൂരത്തിന്ടെ ഇലഞ്ഞിത്തറ പാണ്ടി, മടത്തിലെ വരവിന്ടെ പഞ്ചവാദ്യം, തൃപ്പൂണിത്തുറ നടപ്പുര മേളത്തിന്ടെ ചെമ്പട എന്നിങ്ങനെ പോകുന്നു അവ.
ക്ഷേത്രങ്ങൾക്കുള്ളിൽ കൊട്ടുന്ന മേളങ്ങളെ ദേവമേളങ്ങൾ എന്നും പുറത്തു കൊട്ടുന്ന മേളങ്ങളെ അസുരമേളങ്ങൾ എന്നും തിരിച്ചിട്ടുണ്ടത്രെ. എന്നാൽ ഈ ദേവാസുരത്തിന് വ്യക്തമായ ഒരു നിർവചനം ആർക്കും പറയാനാവുന്നില്ല. ദേവനെന്നാൽ നല്ലതെന്നും അസുരനെന്നാൽ നല്ലതല്ലാത്തതെന്നുമാണല്ലോ നാം കരുതേണ്ടത്. എങ്കിൽ ക്ഷേത്രതിനകത്തായാലും പുറത്തായാലും ദേവീദേവന്മാർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം അസുരനാനെന്നു കരുതാൻ ഏറെ പ്രയാസം. എന്താണ് പിന്നെ മേളങ്ങളിലെ ഈ ദേവാസുരം? പ്രാദേശികങ്ങളായ ആചാര പ്രകാരം ഒരു ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നവ ദേവനെന്നും, അല്ലാത്തവ അസുരനെന്നുമാണോ അർത്ഥമാക്കേണ്ടത്? അതോ ഈ മേളങ്ങൾ നമ്മളിലുളവാക്കുന്ന പ്രതീതിക്കനുസരിച്ചാണോ ഇപ്പറഞ്ഞ വർഗീകരണം?
ഒരു ഉദാഹരണമെന്നോണം പഞ്ചാരി മേളത്തിന്ടെയും, പാണ്ടി മേളത്തിന്ടെയും കാര്യമെടുക്കാം. പഞ്ചാരി ദേവനെന്നും പാണ്ടി അസുരനെന്നുമാന് പറയപ്പെടുന്നത്. അതിനാലായിരിക്കും ക്ഷേത്ര മതില്ക്കകത്ത് സാധാരനയായി പാണ്ടി പതിവില്ല. ദേവീദേവന്മാർ ഗോപുരത്തിന് പുറത്തിരങ്ങുന്നതിന്ടെ സൂചനയാണ് പാണ്ടി ( അഥവാ നടപ്പാണ്ടി) ശാസ്ത്രീയമായി നോക്കിയാൽ രണ്ടു മേളങ്ങളും അക്ഷരകാലാധിഷ്ടിതം. രണ്ടു മേളങ്ങൾക്കും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾക്കും വ്യത്യാസമില്ല.
ഇനി ഇവയ്‍ക്കിടയിലെ വ്യത്യാസങ്ങൾ നോക്കാം. പഞ്ചാരി പതിഞ്ഞ കാലത്തിൽ ആരംഭിക്കുമ്പോൾ പാണ്ടി കൂട്ടിപ്പെരുക്കിക്കൊണ്ടാണ് ആരംഭിക്കുന്നത്. പഞ്ചാരി മേളം സാധാരണയായി ഒരു കൈയും ഒരു കോലുംകൊണ്ടാണ് കൊട്ടുന്നത്. "തോല്പ്പറ്റുള്ള" ഇടംകൈയ്യേകുന്ന ശബ്ദമാധുര്യം പാണ്ടിക്ക് അന്യമത്രെ. അപ്പോൾ അസുരന്നെന്നാൽ ഗാംഭീര്യമുള്ളതെന്നും, ദേവനെന്നാൽ ഇമ്പമേറിയതെന്നും തല്ക്കാലം കണക്കാക്കാം. പക്ഷേ ഇതാ വരുന്നു ഈ സംബ്രദായങ്ങളിലെ അപവാദങ്ങൾ. പ്രസിദ്ധമായ തൃശൂർപൂരത്തിന്ടെ ഇലഞ്ഞിത്തറ മേളം ക്ഷേത്രത്തിനകത്ത് കൊട്ടുന്ന പാണ്ടിയാണ്. ഗുരുവായൂർ മുതലായ ക്ഷേത്രങ്ങളിൽ പഞ്ചാരി കൊട്ടുന്നത് പാണ്ടിക്ക് സമാനമായി രണ്ടു കോൽ കൊണ്ടാണ്. തീർന്നില്ല, പഞ്ചാരിയിലെ അഞ്ചാംകാലത്തിലെ കുമ്പിട്ടുള്ള ഘനമേറിയ തീരുകലാശങ്ങളേകുന്നത് ഗാംഭീര്യമല്ലാതെ മറ്റൊന്നുമല്ല. വീണ്ടും ദേവാസുരചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഒരു മഹാക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്. പ്രത്യേക പരിപാടികളിൽ പ്രഗല്ഭനായ ഒരു കലാകാരന്ടെ തായമ്പകയുമുണ്ട്. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് തായമ്പക നടക്കുന്നത് മതിലിനു വെളിയിലാണ്. “വിശാലമായ ക്ഷേത്രാംഗണത്തിൽ പ്രത്യേക പരിപാടികൾ നടത്തുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടല്ലോ, പിന്നെന്തുകൊണ്ട് തായമ്പക മാത്രം മതിലിനു പുറത്ത്?” പെട്ടെന്നുകിട്ടി ഉത്തരം. അവിടത്തെ ആചാരമനുസരിച്ച് തായമ്പക ഒരു അസുരവാദ്യമാണത്രെ! എന്നാൽ മറ്റു പല ക്ഷേതങ്ങളിലും ദേവ ചൈതന്യത്തിനു മുൻപിൽ കൊട്ടുന്ന വാദ്യമാന് തായമ്പക. തായമ്പക ഒരു അസുര വാദ്യം ആണെങ്കിൽ വാദ്യോപകരണംഗളിൽ ബ്രാഹ്മണ്യം കല്പിച്ചു ഉപനയനാദികൾ നടത്തപ്പെടുന്ന മിഴാവിൽ തായമ്പക കൊട്ടാൻ സാധ്യതയില്ല. മിഴാവിൽ തായമ്പക ഇന്ന് ഏറെ പ്രചാരമുള്ള കലാരൂപമാണ്. അതിരിക്കട്ടെ, സോപാനത്ത് ഉപയോഗിക്കുന്നില്ല എങ്കിലും ശ്രീഭൂതബലി, കലശപൂജ തുടങ്ങിയ വേളകളിൽ നാലമ്പലത്തിലെ താരം ചെണ്ടതന്നെ .
കഥകളിയിൽ അശരീരി വിശ്വരൂപം തുടങ്ങിയ ദൈവീകവേളകളിൽ ചെണ്ടയുടെ വലംതല സന്ദർഭ സൂചന നൽകുന്നു. അതിനാൽ അസുരത്വമുള്ള അല്ലെങ്കിൽ നല്ലതല്ലാത്ത വാദ്യ രൂപങ്ങൾ ചെണ്ടയിൽ അവതിരിപ്പിക്കാൻ സാധ്യതയില്ല.
പുരാണങ്ങൾ പരിശോധിച്ചാൽ നൃത്തം, സംഗീതം, വാദ്യം തുടങ്ങിയ കലാരൂപങ്ങൾ ദേവ സദസ്സുകൾ, ക്ഷേത്രങ്ങൾ എന്നപോലെതന്നെ അസുര സദസ്സുകളിലും അവതരിപ്പിക്കാറുണ്ട്. അസുര സദസ്സിൽ അവതരിപ്പിച്ച കലാ രൂപങ്ങളെ ആരും അസുരകലകൾ എന്ന് വിശേഷിപ്പിച്ചു കേട്ടിട്ടില്ല. കലാമർമജ്ഞനായ രാവണൻതന്നെ ഒരു അസുരനല്ലേ. ദേവാസുര പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണോ?

ദേവാസുരത്തിന്ടെ പേരിലല്ലെങ്കിലും ആചാരപരമായ വിലക്കുകളാൽ ക്ഷേത്രങ്ങളിൽ സാധാരണയായി കൊട്ടിക്കേൾക്കാത്ത അപൂർവ്വമേളങ്ങളാണ് ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം മുതലായവ. ഒരിക്കൽ ഒരുത്സവത്തിനു ആചാരവിരുദ്ധമായി അടന്ത മേളം കൊട്ടിയതിനു ഒരു പ്രഗല്ഭ കലാകാരന് ഒരു ക്ഷേത്രത്തിൽ പിഴയടക്കേണ്ടി വന്ന സംഭവം ഓർത്തുപോയി. ഇന്ന് ഈ അപൂർവ മേളങ്ങൾ അറിയുന്ന കലാകാരന്മാർ അധികമുണ്ടെന്നു തോന്നുന്നില്ല. വിശദമായി നോക്കിയാൽ ചില ആചാര അനുഷ്ടാനങ്ങളുടെ പേരിൽ സൃഷ്ടിക്കപ്പെട്ട ഒരു തരംതിരിക്കൽ എന്നതൊഴിച്ചാൽ മേളങ്ങളിലെ ദേവാസുര വാദത്തിന് വലിയ പ്രസക്തിയൊന്നും നൽകേണ്ടതില്ല. ദേവാസുരത്തിന്ടെ പേരിൽ മേള രൂപങ്ങൾക്ക് വർജ്യം കല്പ്പിക്കുന്നതും ശരിയല്ല. ഇന്ന് നമുക്കാവശ്യം കലകളുടെ നിലനിൽപ്പാണ്, വരും തലമു റകളിലേക്കുള്ള അവയുടെ കൈമാറ്റമാണ്.
മേളങ്ങൾ ഭൂരിഭാഗവും അരങ്ങേറുന്നത് ക്ഷേത്രങ്ങളിൽ ആണെന്നതിനാൽ അവരുടെ സഹകരണവും ഏറെ പ്രാധാന്യമുള്ളതാണ്. പൂരങ്ങളുടെയോ ഉത്സവങ്ങളുടെയോ മുഖമുദ്രകളായ മേളരൂപങ്ങൾ അപ്പാടെ മാറ്റണം എന്ന് പറയുന്നില്ല. ഇലഞ്ഞിത്തറയിൽ പാണ്ടിയും, മടത്തിലെ വരവിനു പഞ്ചവാദ്യവും, കൂടൽമാണിക്യത്തിൽ ശീവേലിക്കു പഞ്ചാരിയും തന്നെ കൊട്ടണം. എന്നാൽ രണ്ടു നേരം എഴുന്നെള്ളിപ്പുള്ള അഞ്ചോ, ഏഴോ, പത്തോ ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ഉത്സവവേളകളിലെ ഏതാനും ചില സന്ദർഭങ്ങളിൽ മറ്റു മേളങ്ങൾ വിശിഷ്യാ അപൂർവ മേളങ്ങൾ അവതിരിപ്പിക്കാൻ ദേവസ്വങ്ങളോ, കമ്മിറ്റി ഭാരവാഹികളോ തയ്യാറാകണം. ഒരു പുതുമ എന്നതിലുപരി മറ്റു മേളങ്ങൾ കൊട്ടാനും കൊട്ടിക്കേൾക്കാനുമുള്ള അവസരവും കൂടി ഇവിടെ സംജാതമാകുന്നു.

By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.
തൃപ്രയാർ ഏകാദശിക്ക് ധ്രുവം പതിവുണ്ട് എന്ന് ഇവിടെയുള്ള ഒരു ആശാൻ പറഞ്ഞു കേട്ടിട്ടുണ്ട്