top of page

ഭാമനേ....സത്യഭാമനേ....

(ഭാമനേ....സത്യഭാമനേ.... ...കുച്ചിപ്പുടിയിലെ ഒരു പദാരംഭം അർഥം " ഭാമയാണ് ഞാൻ ....സത്യഭാമ")

പൂർവ ജന്മത്തിലെസുകൃതമാണ് ഈ ജന്മത്തിലെ ദൈവീകമായകഥാപാത്രങ്ങൾക്കു ജീവൻ കൊടുക്കുന്ന കലാകാരന്മാരെയോകലാകാരികളെയോ സൃഷ്ടിക്കുന്നതെന്ന് എവിടെയോ വായിച്ചതോർക്കുന്നു. നമുക്കിടയിൽ ഇത്തരത്തിലുള്ള കലാകാരന്മാർ പലപ്പോഴും ഉണ്ടാകാറുമുണ്ട്. പ്രശസ്ത കുച്ചിപ്പുടി നർത്തകി പത്മശ്രീ ശോഭ നായിഡു അത്തരത്തിലുള്ളഒരു വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയാണ്- കുച്ചിപ്പുടിയിലൂടെ ശ്രീകൃഷ്ണന്ടെ പത്നിയായസത്യഭാമയായി ജീവിച്ച കലാകാരി. ഒക്ടോബർ 14ന് അവരുടെ ഒന്നാംചരമ വാർഷികമാണ്. സത്യഭാമയെ കൂടാതെ പത്മാവതി, ദേവദേവകി, മോഹിനി, പാർവതി തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങൾക്ക് വേദിയിൽ ജന്മം നൽകിയിട്ടുണ്ടെങ്കിലും ശോഭ നായിഡുവിന്ടെ സത്യഭാമയെകാണാനാണ് കാണികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. അതിനാൽ തന്നെസത്യഭാമയില്ലാത്ത അവരുടെ അരങ്ങുകൾ വിരളമായിരുന്നു. അത്തരം അരങ്ങുകളിൽ കാണികളുടെ നിർബന്ധത്തിനു വഴങ്ങി അവർക്കു സത്യഭാമയാകേണ്ടതായും വന്നിരുന്നു.

കുച്ചിപ്പുടിയുടെ മുഖമുദ്രയാണ് ഒരു പക്ഷെ സത്യഭാമ എന്ന കഥാപാത്രം. കുച്ചിപ്പുടി അവതരണ പാടവത്തിന്ടെ അളവുകോൽ സത്യഭാമാവതരണമാണത്രെ. സത്യഭാമയുടെആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്തു നിന്നും പാരിജാത വൃക്ഷം കൊണ്ടുവന്നു അവർക്കു സമ്മാനിക്കുന്നു. തുടർന്ന് സത്യഭാമയെ സന്ദർശിക്കുന്ന ശ്രീകൃഷ്ണൻ താൻ എത്ര സുമുഖനാണെന്നുനോക്കാൻ ഭാമയോട് കളിവാക്കു പറയുന്നു. അഹംഭാവിആയ സത്യഭാമ തന്ടെ സൗന്ദര്യത്തെ സ്വയം പുകഴ്ത്തുന്നു (" ഭാമനേ....സത്യഭാമനേ...." എന്ന് തുടങ്ങുന്ന പദം- അർത്ഥം ഞാൻ ഭാമ; സത്യഭാമ) സംഭാഷണ മദ്ധ്യേ തന്ടെ വ്യക്തിവൈശിഷ്ട്യത്തിനു മുൻപിൽ കൃഷ്ണന്റെ ആത്‌മവൈശിഷ്ട്യം ശോഭിക്കയില്ലെന്നുസത്യഭാമ പ്രസ്താവിക്കുന്നു ഇതിൽകുപിതനായ കൃഷ്ണൻ പിണങ്ങി പോകുന്നു. തന്ടെ തെറ്റ് മനസ്സിലാക്കിയ സത്യഭാമ ഏറെ ദു:ഖിക്കുന്നു. തന്ടെ സഖിയായ മാധവിയുടെ സഹായത്തോടെവീണ്ടും കൃഷ്ണനുമായി അനുരഞ്ജനത്തിലെത്തുന്നു. ഇതാണ് ഭാമാകലാപത്തിന്റെ രത്‌നച്ചുരുക്കം. സുന്ദരിയെങ്കിലുംഅഹങ്കാരിയായ സത്യഭാമയെ തന്മയത്വത്തോടെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. അഹങ്കാരത്തിന്റെസ്ഥായീഭാവത്തി നുള്ളിൽ നിന്ന് കൊണ്ട് സൗന്ദര്യത്തി ന്ടെ നൈർമല്യംഅഭിനയിച്ചു ഫലിപ്പിക്കേണ്ടതുണ്ട്.


നാട്യശാസ്ത്രത്തിൽ പറയുന്ന വിപ്രലംഭശൃംഗാരം, സംഭോഗ ശൃംഗാരം, വിരഹാവസ്ഥ എന്നിവയിലൂടെ നായിക സത്യഭാമ കാണികളെ ആസ്വാദനത്തിന്റെ അനുഭൂതിയിലേക്കെത്തിക്കുന്നു. വിരഹത്താൽ മന:ക്ലേശം അനുഭവിക്കുന്നനായിക കടന്നുപോകുന്നത് ആലസ്യത്തിലൂടെയും, വിരസതയിലൂടെയും ഒക്കെ ആണ്. അതിൽ നിന്നുംഅവളെ പുറത്തുകൊണ്ടുവരാൻ സഖി ശ്രമിക്കുന്നുണ്ട് താനും- നാട്യധർമിയുടെഒരു അപൂർവ അനുഭവം. സഖിയുമായുള്ള സംഭാഷണം ഏകാഭിനയത്തിലൂടെ ആണ് അവതരിപ്പിക്കുന്നത്. തന്ടെ മികവുറ്റ അഭിനയത്തിലൂടെയും ,സുഭഗമായ ചേഷ്ടകളിലൂടെയും, കൃത്യമായ താള ചലനത്തിലൂടെയും ശോഭഅരങ്ങു കീഴടക്കുമ്പോൾ എല്ലാവരും മന്ത്രിച്ചിരുന്നത് ഒന്ന് മാത്രം “ഇതാ നമ്മുടെ സത്യഭാമ”


1956 ൽ ആന്ധ്ര പ്രദേശിലെ അനക്കപ്പള്ളിയിൽ ജനിച്ച ശോഭ നന്നേ ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ അഭിരുചി തെളിയിക്കുകയായിരുന്നു . മകളിലെ കലാവാസന തിരിച്ചറിഞ്ഞ അമ്മ സരോജിനി ദേവി ശോഭയെ പന്ത്രണ്ടാം വയസ്സിൽ തന്നെ കുച്ചിപ്പുടി പഠിക്കാൻഅയച്ചു തുടങ്ങി. വീട്ടു കാരുടെ എതിർ പ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഇത്. സ്ത്രീകൾ നൃത്തംപഠിക്കുന്നത് സമൂഹം അംഗീകരിക്കാത്ത ഒരു പ്രവൃത്തിയായിരുന്നു അന്നൊക്കെ. രാജേന്ദ്രമഹേന്ദ്രവരത്തെ പി എൽ റെഡ്ഡി ആയിരുന്നു ആദ്യ ഗുരുനാഥൻ. അദ്ദേഹത്തിൽ നിന്നും ആദ്യ പാഠങ്ങൾ ഗ്രഹസ്തമാക്കിയ ശേഷം പ്രശസ്ത കുച്ചിപ്പുടി ഗുരു പത്മഭൂഷൺ വെമ്പട്ടി ചിന്ന സത്യത്തിന്ടെ

(1929 - 2012) കീഴിൽ പഠനം തുടർന്നു. പിന്നീട് പ്രശസ്തനായ ഗുരുവിന്ടെ പ്രശസ്തയായ ശിഷ്യയായി മാറുകയായിരുന്നു ശോഭ. ഒരിക്കൽ പരിശീലന സമയത്തു ശോഭയുടെ അവതരണത്തിൽ എന്തോ പാകപ്പിഴവ് സംഭവിക്കുകയും ക്ഷുഭിതനായ ഗുരു ഇനിമുതൽ പരിശീലനത്തിന് വരേണ്ടെന്ന് പറയുകയും ചെയ്തുവത്രേ. തന്ടെ കലാജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അതെന്നു അവർ പറയാറുണ്ട്. നിരാശയോടെ നൃത്തത്തിൽ നിന്ന് പിന്തിരിയുക അല്ല അവർ ചെയ്തത്, പകരം കൂടുതൽ പരിപൂർണ്ണത തേടി പ്രയത്നിച്ചു. ഫലമോ ഒരു നൃര്യചൂഡാമണിയെ കിട്ടി കലാലോകത്തിനു. ഈ സംഭവം പുതു തലമുറയ്ക്ക് ഒരു പാഠമാകേണ്ടതാണ്.


അരങ്ങത്തു കലാരൂപംഅവതരിപ്പിച്ചു കാണികളെ ആസ്വാദനത്തിന്ടെ അനുഭൂതിയിലേക്കെത്തിക്കുന്നതോടൊപ്പംതന്നെ കുച്ചിപ്പുടി എന്ന കലാരൂപത്തിന്ടെ നിലനിൽപ്പിനായിപുതു തലമുറയെ വാർത്തെടുക്കുന്നതിലും വ്യാപൃതയായിരുന്നു ശോഭ നായിഡു. അങ്ങിനെയാണ് 1980 ൽ ഹൈദെരാബാദിലുള്ള കുച്ചിപ്പുടി ആർട് അക്കാഡമിക്ക് തുടക്കംകുറിക്കുന്നത്. നാളിതുവരെ 1500 ലേറെ കലാകാരികളെയും കലാകാരന്മാരെയുംഈ സ്ഥാപനം വാർത്തെടുത്തിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളിലൂടെയും, നേരിട്ടും കൊച്ചു കലാകാരികൾക്കു നൃത്തത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുക്കുവാൻ അവർക്കു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. കൊറോണ മഹാമാരിയെക്കുറിച്ചുജനങ്ങളിൽ അവബോധം വരുത്തുന്നതിന് അവർ ആവിഷ്കരിച്ച വീഡിയോഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. . 15 ഓളം നൃത്ത നാടകങ്ങളും (കല്യാണ ശ്രീനിവാസം, ക്ഷീര സാഗര മഥനം, ഗിരിജകല്യാണം, സ്വാമി വിവേകാനന്ദ തുടങ്ങിയവ) 80 ലധികം ഏകാഭിനയ ഇനങ്ങളും അവർ രൂപകല്പന ചെയ്തിരിക്കുന്നു.


ചെന്നൈയിലെ ശ്രീകൃഷ്ണഗാന സഭയുടെ നൃത്യചൂഢാമണി പുരസ്കാരം 1982 ൽഅവരെ തേടിയെത്തി. സംഗീത നാടക അക്കാഡമി അവാർഡ് (1991) പത്മശ്രീ പുരസ്കാരം (2001) ആന്ധ്ര പ്രദേശ് സർക്കാരിന്റെ ഹംസ അവാർഡ് (1998) തുടങ്ങിയബഹുമതികൾ അവർക്കു ലഭിച്ച അംഗീകാരത്തിൽ ചിലതു മാത്രമത്രേ. പതിനഞ്ചോളം വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുള്ള ശോഭ വെസ്റ്റ് ഇൻഡീസ്, ക്യൂബ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ സാംസ്കാരിക പ്രതിനിധി സംഘത്തെ നയിക്കുകയുണ്ടായിട്ടുണ്ട്.


പതിമൂന്നാം നൂറ്റാണ്ടിലാണ്കുച്ചിപ്പുടി എന്ന കലാരൂപം ഉണ്ടായതെന്ന്പറയപ്പെടുന്നു. പിന്നീട് സിദ്ധേന്ദ്ര യോഗി എന്ന പണ്ഡിതൻകുച്ചിപ്പുടിക്ക് ഒരു വ്യക്തമായ പദ്ധതിനിർദ്ദേശിച്ചുവത്രെ. ഭാഗവതമേള (അഥവാ കുച്ചിപ്പുടി) മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നൃത്ത നാടക രൂപമായാണ് ആദ്യമൊക്കെഇത് അരങ്ങേറിയിരുന്നത് സാത്വികം, വാചികം, ആംഗികം, ആഹാര്യം എന്നീ ചതുർവിധ അഭിനയങ്ങൾ സമന്വയിപ്പിച്ച, ലോകധർമിക്കു പ്രാധാന്യം കല്പിച്ചിട്ടുള്ള, സാധാരണക്കാരന് വേണ്ടിയുള്ള ഒരു കലാസൃഷ്ടി അതായിരുന്നുആദ്യമൊക്കെ കുച്ചിപ്പുടി. ശാസ്ത്രീയ നൃത്തവും, നാടോടി നൃത്തവും ഇതിൽ ഉൾപ്പെട്ടിരുന്നുപിന്നീട്നൃത്ത നാടകത്തിലെ വാചികത്തിനു (സംവാദങ്ങൾ) പ്രാധാന്യം കുറഞ്ഞു. നൃത്ത പ്രാധാന്യമുള്ള തരംഗം, തില്ലാന, ശബ്ദം തുടങ്ങിയവ ക്കു അരങ്ങുകൾ കൂടുതൽ കിട്ടി. മൂന്നു ദിവസം നീണ്ടു നിന്നിരുന്ന ശില്പങ്ങൾക്കു സമയ ക്ലിപ്തത നൽകിമൂന്ന് മണിക്കൂറിലോ അതിൽ കുറവ് സമയത്തിലോ അവതരിപ്പിച്ചു തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെആദ്യം വരെ കുച്ചിപ്പുടി 'മേളയിലെ' എല്ലാ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരുന്നത്പുരുഷന്മാരാണ്. സ്ത്രീകൾ കടന്നു വന്നതോടെ കൈസികീ നൃത്തത്തിന് പ്രാധാന്യം നൽകേണ്ടി വന്നു. ഇപ്പോൾ കുച്ചിപ്പുടി എന്ന് പറഞ്ഞാൽ നമ്മുടെ മനസ്സിൽ തെളിയുന്നത് തളികയുടെവക്കിൽ നിന്നുകൊണ്ട് വെള്ളം നിറച്ച ചെപ്പുകുടം തലയിലേന്തി " ബാലഗോപാല മാമുദ്ധാര കൃഷ്ണ" എന്ന പദത്തിന് അനുസൃതമായിനൃത്തം വയ്ക്കുന്ന നർത്തകികൾ ആണല്ലോ.



ആന്ധ്രയിലെ കൃഷ്ണജില്ലയിലെ കുച്ചിപ്പുടി ഗ്രാമമാണ് ഈ കലാരൂപത്തിന്ടെ ഉറവിടം. അവിടത്തെ എട്ടു കുടുംബങ്ങളാണ് (വെമ്പട്ടി, വേദാന്തം, ഭഗവതുള, പാസുമാത്രി തുടങ്ങിയവ) കലാരൂപത്തിന്ടെ പാരമ്പര്യ അവകാശികൾ. ഭാഗവത കുടുംബം എന്നാണു ഇവരെ പറഞ്ഞു വരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ ഗോൽകൊണ്ട നവാബ് കലാകാരന്മാരായ ബ്രാഹ്മണർക്കു എഴുതിക്കൊടുത്തതാണത്രേ കുച്ചിപ്പുടി ഗ്രാമം.ഈ കുടുംബങ്ങളിലെ ഓരോ അംഗവും കുച്ചിപ്പുടി “ഭാഗവത മേള" എന്ന നൃത്ത നാടകത്തിൽപങ്കെടുക്കുമായിരുന്നു. അതിലൊരു കുടുംബാംഗമാണ് വെമ്പട്ടിചിന്ന സത്യം എന്ന പ്രശസ്ത കലാകാരൻ.


കുച്ചിപ്പുടിയുടെ ഉന്നമനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു വരുമ്പോഴാണ് പെട്ടെന്നുണ്ടായ മസ്തിഷ്കസംബന്ധമായ അസുഖത്തെതുടർന്ന് 64 വയസ്സുള്ള ശോഭ നായിഡു ഹൈദരാബാദിൽ വച്ച് കഴിഞ്ഞ വര്ഷം അന്തരിച്ചത് ആ കലാസപര്യക്കു മുൻപിൽ കൂപ്പുകൈ അർപ്പിച്ചുകൊണ്ട് നിറുത്തട്ടെ.


ചിത്രങ്ങൾ: കടപ്പാട്: ഇൻസ്റ്റാഗ്രാം, ഫേസ്ബുക്


By K.V.Murali Mohan

A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.

Comments


  • Facebook
  • Twitter

Copyright 2021 - Mohan's Musings - All Rights Reserved

Website developed by VMM Illustrations

bottom of page