top of page

ചെണ്ടയുടെ വലതു ഭാഗത്തെക്കുറിച്ച്.............

കെ വി മുരളി മോഹൻ


ചെണ്ടയിൽ ഉരുട്ടു ചെണ്ട അഥവാ ഇടതു ഭാഗം (ഇടംതല), വീക്കൻ ചെണ്ട അഥവാ വലതു ഭാഗം (വലംതല )എന്നിങ്ങനെയാണ് തരംതിരിക്കൽ. മേളങ്ങളിലും തായമ്പകയിലും മറ്റും ഉരുട്ടു ചെണ്ടക്കാർ മുനിരയിലും (പ്രമാണം) വീക്കൻ ചെണ്ടക്കാർ അവർക്കു പിന്നിലും ( ഇലത്താളത്തോടു ഇടകലർന്നു) നിലയുറപ്പിക്കുന്നു. ചെണ്ട മേളങ്ങളിൽ താളം നിയന്ത്രിക്കുന്നത് പിൻ നിരകളിലുള്ള വീക്കൻ ചെണ്ട അഥവാ വലംതലയാണ്. ഉരുട്ടുചെണ്ടയെ ഒരു മോട്ടോർ വാഹനത്തിന്ടെ സ്റ്റിയറിങ്ങിനോടും

വലന്തലയെ ഗിയറിനോടും ഉപമിക്കാം.


ക്ഷേത്രഅടിയന്തിര വേളയിൽ വലന്തല ( ചിത്രം കടപ്പാട്: ബാബുരാജ് പൊറത്തിശ്ശേരി)

മധുരനൊമ്പരക്കാറ്റ് സിനിമയിലെ ഒരു ഗാനം ഓർത്തുപോയി, "ശ്രുതിയമ്മ, ലയമച്ഛൻ........" ശരിയാണ് പിതൃസ്ഥാനീയമാണ് ലയം അഥവാ താ ളം. സംഗീതത്തിന്ടെ, നൃത്തത്തിൻടെ, വാദ്യത്തിൻടെ, ഈ പ്രപഞ്ചത്തിന്ടെ തന്നെയും. ചെണ്ട മേളങ്ങളിൽ താളം നിയന്ത്രിക്കുന്നത് പിൻ നിരകളിലുള്ള വീക്കൻ ചെണ്ട അഥവാ വലംതല ആണല്ലോ. അതുകൊണ്ടായിരിക്കാം ഒരു പക്ഷെ വീക്കൻ ചെണ്ടക്കു അച്ഛൻ ചെണ്ട എന്ന് പേര് വന്നത്. ഉരുട്ടുചെണ്ടയെ ഒരു മോട്ടോർ വാഹനത്തിന്ടെ സ്റ്റിയറിങ്ങിനോടും

വലന്തലയെ ഗിയറിനോടും വേണമെങ്കിൽ ഉപമിക്കാം.താളം പിടിക്കുന്നതോ ടൊപ്പം തന്നെ മേളക്കൊഴുപ്പ് വർധിപ്പിക്കാനും, മേളത്തിന് കനം കൂട്ടാനും വലന്തലക്കു കഴിയും. കൂടുതൽ കനത്തിൽ കൊട്ടി മേളം ക്രമാതീതമായി മുറുക്കാതിരിക്കാനുള്ള നിയന്ത്രണം വലന്തലക്കാരിൽ നിക്ഷിപ്തമാണെന്നു പറയാം.


മുൻ നിരയും പിൻ നിരയും


ചെണ്ടയിൽ ഉരുട്ടു ചെണ്ട അഥവാ ഇടംതല, വീക്കൻ ചെണ്ട അഥവാ വലംതല എന്നിങ്ങനെയാണ് തരംതിരിക്കൽ. മേളങ്ങളിലും തായമ്പകയിലും മറ്റും ഉരുട്ടു ചെണ്ടക്കാർ മുനിരയിലും (പ്രമാണം) വീക്കൻ ചെണ്ടക്കാർ അവർക്കു പിന്നിലും ( ഇലത്താളത്തോടു ഇടകലർന്നു) നിലയുറപ്പിക്കുന്നു ഒരു ഉരുട്ടിന്‌ മൂന്നു വീക്കൻ എന്നതാണ് സാധാരണ കണക്കു ( ഇതു നാലോ അഞ്ചോ ആറോ വരെ ആകാറുണ്ട് ) ഉരുട്ടു ചെണ്ട കൊട്ടുമ്പോൾ ചെണ്ടക്കോൽ പിടിച്ച കണങ്കൈ(wrist )ഉരുളേണ്ടതുണ്ട് എന്നാൽ വീക്കൻ ചെണ്ടയിൽ കോൽ നേരിട്ടടിക്കുകയാണ് ചെയ്യുന്നത്.


" അടി വാങ്ങുന്ന" ചെണ്ട


വീക്കുക എന്നാൽ ശക്തിയോടെ അടിക്കുകഎന്നു തന്നെയാണ്. അടി വാങ്ങുന്ന ചെണ്ടയാണ് വലംതല."തല്ലു കൊള്ളാൻ ചെണ്ടയും..." എന്ന പഴഞ്ചൊല്ല് ഒരു പക്ഷെ വീക്കൻ ചെണ്ട കണ്ടു ഉണ്ടാക്കിയതാകണം. എന്നാൽ ഈ അടിയാണ് മേളത്തിന്ടെ "ബാസ്സ്". താള ക്ലിപ്തതയും ഗതിനിർണയവും പ്രദാനം ചെയ്യുന്നു ഈ അടി. ഒരിക്കൽ ഒരു മേളാസ്വാദകൻ പ്രസ്താവിച്ചത് ഓർത്തു പോയി ഒത്ത ഒരു മേളത്തിന് 15 ഉരുട്ടുണ്ടെങ്കിൽ മൂന്നിരട്ടി (45) വലംതല കാണും.ഉരുട്ടിൽ ഒന്ന് വലിഞ്ഞാലും (പാടില്ലാത്തതാണ്) പെട്ടെന്ന് ശ്രദ്ധയിൽ പെടാറില്ല . എന്നാൽ വലന്തലയിൽ ഒരു ഇടക്കോൽ വീണാൽ മേളത്തിന്ടെ ഭംഗി നഷ്ടപ്പെടുന്നു. മേളപ്രമാണിമാർ ഇടയ്ക്കിടെ പിന്തിരിഞ്ഞു വലന്തലക്കാരെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതിന്ടെ കാരണവും മറ്റൊന്നാകാൻ വഴിയില്ല.


പ്രത്യേകതകൾ ഏറെ


ഇടന്തലയും, വലന്തലയും

കാഴ്ചയിൽ ഒന്നാണെന്ന് തോന്നാമെങ്കിലും ഉപയോഗത്തിലെന്ന പോലെ ഘടനയിലും വീക്കൻ ചെണ്ട(വലംതല) ഉരുട്ടു(ഇടംതല) ചെണ്ടയിൽ നിന്ന് വ്യത്യസ്‌തപ്പെട്ടതാണ്‌. ഉരുട്ടു ചെണ്ടയുടെ കൊട്ടുന്ന ഭാഗം ഉരുട്ടി മിനുസപ്പെടുത്തിയിരിക്കും. വലന്തലക്കിതില്ല. സാധാരണയായി ഇടംതല വെളുത്തും വലംതല ഇരുണ്ട നിറത്തിലാണ് കാണപ്പെടുന്നത്. വലംതല ഭാഗത്തു അഞ്ചോ ആറോ തോൽ പാളികൾ മേൽക്കുമേൽ ഒട്ടിച്ചു ചേർക്കുന്നു. താഴെ ഒട്ടിക്കുന്ന കഷ്ണത്തിനേക്കാൾ വ്യാസം അല്പം കുറഞ്ഞു കുറഞ്ഞു വരും. വലന്തലക്ക് വേണ്ട പരുക്കൻ ശബ്ദത്തിനു വേണ്ടിയാണിത്.


രണ്ടു ഉപയോഗത്തിനുമുള്ള ചെണ്ടക്കോലിനും രൂപത്തിലും കനത്തിലും വ്യത്യാസങ്ങളുണ്ട്.

ഉരുട്ടിക്കൊട്ടുന്ന ചെണ്ടക്കോലിന്ടെ തല അല്പം ഒന്ന് വളഞ്ഞിരിക്കണം. വലന്തലക്ക് ഇത് നിര്ബന്ധമില്ല. പുളിമരം, മന്ദാരം മുതലായ മരങ്ങളാണ് ചെണ്ടക്കോലിനു ഉപയോഗിക്കുന്നത്. സാധാരണയായി ഇടംതലയും വലംതലയും ഒരേ ചെണ്ടയിൽ ഉപയോഗിക്കാറില്ല ( കഥകളിയിൽ പ്രത്യേക സന്ദർഭങ്ങളിൽ ചെണ്ട തിരിച്ചു വലംതല കൊട്ടാറുണ്ട്)


വിശുദ്ധ വാദ്യം


പലപ്പോഴും കർമംകൊണ്ടു വലന്തല ഒരു വിശുദ്ധ വാദ്യമാണ് . മേളങ്ങളിലെ പിന്‍തുണയിൽ മാത്രം

ഒതുങ്ങി നിൽക്കുന്നില്ല വലംതലയുടെ ഉപയോഗം . കഥകളിയിൽ അശരീരി, ദൈവീക കഥാപാത്രങ്ങളുടെ പ്രത്യക്ഷപ്പെടൽ, വരം കൊടുക്കൽ മുതലായ സന്ദർഭങ്ങളിൽ വലംതല കൊട്ടുന്നു . ക്ഷേത്രത്തിനകത്തെ അടിയന്തിരങ്ങളിൽ ( ഉദാ; ശ്രീഭൂത ബലി) വലംതല ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. തായമ്പക ആരംഭിക്കുന്നത് വലംതല ഒച്ചപ്പെടുത്തിയാണല്ലോ. ഇതൊക്കെ പോരെ ഒരു വിശുദ്ധ വാദ്യത്തിനു?


കലാകാരന്മാർ


വലന്തല കലാകാരന്മാർ അറിയപ്പെടാതെ പോകുന്ന വിഭാഗക്കാരാണ്. എത്ര മേളങ്ങളുടെ ലിസ്റ്റിൽ വലന്തലക്കാരുടെ പേര് ഉൾപ്പെടുത്താറുണ്ട്? അംഗീകാരങ്ങൾക്കോ, അനുമോദനങ്ങൾക്കോ അവർ പരിഗണിക്കപ്പെടാറില്ല എന്നതും ഒരു വസ്തുതയാണ്. ഇതിൽ കുറച്ചൊക്കെ മാറ്റങ്ങൾ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആഹ്ളാദകരം തന്നെ.

വലന്തല കലാകാരൻ

വലംതല കലാകാരന്മാരിൽ ചിലരുടെ പേരുകൾ ഇവിടെ ചേർക്കുന്നു. പേരുകൾ വിട്ടുപോയത് യാദൃച്ഛികം മാത്രം.


തലോർ പീതാംബര മാരാർ, പെരുവനം ഗോപാലകൃഷ്ണൻ, പെരുവനം പ്രകാശ് പിഷാരോടി, പിണ്ടിയത് ചന്ദ്രൻ നായർ, ചെറുശ്ശേരി ദാസൻ മാരാർ , കിഴക്കഞ്ചേരി രാധാകൃഷ്ണൻ, കുഴൂർ ബാലൻ, ചേലക്കര രാമകൃഷ്ണൻ നായർ, മായന്നൂർ നാരായണൻ നായർ, അന്തിക്കാട് പദ്മനാഭൻ, വെള്ളിനേഴി രാംകുമാർ, തൃശൂർ ശബരി, ഇരിഞ്ഞാലക്കുട വിഷ്ണു, കൊട്ടാരം ബിനു, വട്ടേക്കാട്ടു പ്രദീപ്, കല്ലേകുളങ്ങര ഗോകുൽ, പല്ലശ്ശന രാജു, അവിട്ടത്തൂർ മദനൻ, തിച്ചൂർ രഞ്ജിത്ത് വാര്യർ. പെരുവനം ഉണ്ണി,പരിയാരത്തു ഗോപാലകൃഷ്ണ മാരാർ, തൃക്കൂർ കുട്ടൻ, കണിമംഗലം സൂരജ്, രജിൽ കുമാർ, കടുപ്പശ്ശേരി സുകുമാരൻ.

By K.V.Murali Mohan A passionate freelance writer and ardent communicator - Double Post Graduate in communication subjects -Recipient of Kulapati Gold Medal and TKM Rao award in Journalism - Credited with four decades of literary pursuit spanning over 300 plus articles in national and regional publications.

Kommentare


bottom of page